അജവിശേഷം

(Originally Published in ‘Varanthya Karaval’ on Saturday, 12th June, 2004)

ഒരു ആടിന്റെ രൂപത്തിന് ഇത്രയും സങ്കീർണ്ണതയുണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല, ഇതുവരെ. ദിവസം എത്രയെണ്ണത്തിനെ കാണുന്നു.അവയ്‌ക്കൊക്കെ എല്ലാ മൃഗങ്ങൾക്കുമുള്ളതുപോലെ ഒരു ഉടലുണ്ട്, നാല് കാലുണ്ട്, ചെറിയൊരു വാലുണ്ട്, പിന്നെ കണ്ണ്, നാക്ക്, മൂക്ക് മുതലായവ. എടുത്ത് പറയാൻ ചെറിയ രണ്ട് കൊമ്പുകളാണ് അധികമുള്ളത്, ചുരുക്കം ചില മൃഗങ്ങൾക്ക് മാത്രമുള്ളത്. എന്നാൽ   ബാക്കിയുള്ളവയ്‌ക്കൊന്നുമില്ലാത്ത  ഒന്നുണ്ട് ഇവയ്ക്ക്, അതിന്റെ താടി.

സിംഹത്തിന്റെ ജടയൊഴിച്ചാൽ ചില മനുഷ്യരേപ്പോലെ താടിവച്ചു നടക്കുന്ന മൃഗം എനിക്കറിയാവുന്നത് ആട് മാത്രം.

ഇത്രയൊക്കെ ആമുഖം എന്തിനെന്നല്ലേ. പറയാം.

സ്ഥലം നാട്ടിലെ ഗ്രാമപഞ്ചായത്ത് ആസ്ഥാനം. സന്ദർഭം ഒരു ക്ലേ മോഡലിംഗ് മത്സരം. വിഷയം വിശ്രമിക്കുന്ന വൃദ്ധനായ ആട്.

മത്സരിക്കാൻ അഞ്ചെട്ട് പേരുണ്ട്. കൂട്ടത്തിൽ ഞാനും.

വിഷയം തന്ന ഉടനെ മത്സരം തുടങ്ങി. കളിമണ്ണൊക്കെ പാകപ്പെടുത്തിയെടുത്ത് ഓരോരുത്തരും ശിൽപനിർമ്മാണവും തുടങ്ങി. ഞാനും നോക്കി നിന്നില്ല. വിലപ്പെട്ട സമയം കളയരുതല്ലോ.

അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പിടി കിട്ടിയത്.

എനിക്ക് ആട്ടിന്റെ തലയെങ്ങനെയാണെന്നും അതിന്റെ കഴുത്തിന് എത്ര നീളമുണ്ടെന്നും കൃത്യമായ ഒരു രൂപം കിട്ടുന്നില്ല. കഷ്ടകാലമെന്നല്ലാതെ എന്തുപറയാൻ, അടുത്തെങ്ങും നോക്കിയിട്ട് ഒരു ആടിനെപ്പോലും കാണാനില്ല.

അല്ലെങ്കിൽ ഒരുപാടെണ്ണം അവിടെയും ഇവിടെയുമൊക്കെ അലഞ്ഞുനടക്കുന്നത് കാണാം.

മത്സരം തുടങ്ങി ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബാക്കിയുള്ളവരുടെ കളിമണ്ണൊക്കെ ആടുകളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങിയിരുന്നു. എൻ്റെ മല്പിടുത്തത്തിന് അപ്പോഴും കാര്യമായ ഫലമൊന്നുമുണ്ടായില്ല.

രണ്ടും കൽപിച്ച് അജരൂപമുണ്ടാക്കാൻ തുടങ്ങി. അവസാനം ഗജമായാലുണ്ടാകുന്ന നാണക്കേടിനെക്കുറിച്ചോർത്ത് നിർത്തിപ്പോകാൻ തുടങ്ങുമ്പോഴാണ് കൂടി നിൽക്കുന്നവരിൽ പരിചയമുള്ള രണ്ട് പിള്ളേർ സഹായത്തിനെത്തിയത്.

“മാഷ് ഒരു മിനിറ്റ് നിക്ക്, ഞങ്ങളിപ്പോ വരാം.”

പിള്ളേരെന്താണ് ചെയ്യാൻ പോകുന്നതെന്നാലോചിച്ചും മുന്നിലിരിക്കുന്ന കളിമണ്ണിനെ എന്ത് ചെയ്യാൻപറ്റുമെന്നാലോചിച്ചും നിൽക്കുന്നതിനിടയിൽ എന്തോ കണ്ടെത്തിയ സന്തോഷത്തോടെ പിള്ളേർ തിരിച്ചു വന്നു.

“സാധനം കിട്ടി. മാഷ് വാ.”

ഒരുപാട്പേർ കൂട്ടിനിൽക്കുന്നുണ്ടായിരുന്നത് കൊണ്ട് ഞാൻ മുങ്ങിയത് ആരും അറിഞ്ഞില്ല. പിള്ളേർ കാണിച്ച സ്ഥലത്തെത്തിയപ്പോഴതാ കിടക്കുന്നു സാധനം. ഒന്നല്ല രണ്ട്. വിഷയം എനിക്ക് വേണ്ടി എടുത്തു വച്ചതുപോലെ വൃദ്ധരായ വിശ്രമിക്കുന്ന രണ്ടാടുകൾ.

അടുത്തുപോകാൻ തുടങ്ങിയപ്പോൾ അവ എഴുന്നേൽക്കാൻ തുടങ്ങി. കുറച്ചകലെ മാറിനിന്നപ്പോൾ, തങ്ങളുടെ വിശ്രമത്തെ ശല്യപെടുത്തിയതിന്റെ നീരസത്തോടെയാവണം അവ വീണ്ടും കിടന്നു. എനിക്ക് വേണ്ടതുപോലെ തന്നെ കാലുകളൊക്കെ നീട്ടിയും മടക്കിയും ഒക്കെ വെച്ചിട്ടുണ്ടായിരുന്നു. അടുത്തുപോകാൻ നിവൃത്തിയില്ലാത്തുകൊണ്ട് അല്പം ദൂരെ നിന്ന് തന്നെ അവയുടെ കഴുത്തിന്റേയും തലയുടേയും ബാക്കി അംഗങ്ങളുടെയും അവയുടെ അനുപാതത്തിന്റേയും ഏകദേശ ധാരണയുണ്ടാക്കി.

തിരിച്ചു വന്നു ഞാനെന്റെ ശില്പനിർമ്മാണം പുനരാരംഭിച്ചു.

അനുവദിച്ച സമയം തീരുമ്പോഴേക്കും സാമാന്യം തൃപ്തികരമായ രീതിയിൽതന്നെ ഒരാടിനെ ഞാൻ ഉണ്ടാക്കിയിരുന്നു.

എന്തായാലും പിറ്റേന്ന് മത്സരഫലം വന്നപ്പോൾ എനിക്ക് കിട്ടിയ ഒന്നാം സ്ഥാനത്തിൽ എന്നെക്കാളും സന്തോഷം എനിക്ക് ആടിനെ കാണിച്ചു തന്ന് എന്റെ മാനം രക്ഷിച്ച പിള്ളേർക്കായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.