ഓവർടേക്ക്

വെക്കേഷന് നാട്ടിലേക്ക് വരുമ്പോൾ മിക്കവാറും കാറെടുത്തിട്ടാണ് വരാറ്. വീട്ടിലെത്തി ഒന്ന് പുറത്തിറങ്ങണമെങ്കിൽ ഒരു വണ്ടിയില്ലെങ്കിൽ പറ്റില്ല എന്നായിട്ടുണ്ട്.  കുട്ടികൾക്കും അതാണ് സൗകര്യം. സീറ്റ് നിവർത്തിയിട്ട് അവർ പുറകിൽ കിടന്നോളും. എഴുന്നേറ്റാലും അവർക്കിഷ്ടമുള്ള പാട്ട് ഇട്ടുകൊടുത്താൽ അത് കേട്ടിരിക്കും.

ട്രെയിനിൽ കുറച്ചു നേരം കഴിഞ്ഞാൽ പിന്നെ അവർ അക്ഷമരാണ്. ഒരു സ്ഥലത്തും അടങ്ങിയിരിക്കില്ല. ബർത്തുകളിൽ മുകളിലേക്കും താഴേക്കും കയറിയിറങ്ങും.അത് മറ്റുള്ളവർക്കും അസൗകര്യമാവും. നേരത്തെ കാലത്തേ ബുക്ക് ചെയ്താലേ ടിക്കറ്റും കിട്ടുകയുള്ളൂ. വണ്ടിയോടിച്ചു ക്ഷീണിക്കണ്ട എന്നൊരു ഗുണം മാത്രമേയുള്ളൂ. മാത്രമല്ല  നാട്ടിലെ വളഞ്ഞുതിരിഞ്ഞ റോഡിൽ വല്ല ലോറിയുടെയും പുറകിൽ പെട്ടാൽ പിന്നെ പ്രാന്തെടുക്കും.

അതിരാവിലെ പുറപ്പെട്ടാൽ റോഡിൽ വണ്ടികളുടെ തിരക്കേറുന്നതിനു മുമ്പ് കണ്ണൂരെത്താം. അത് കണക്കിലെടുത്താണ് മിക്കവാറും പുറപ്പെടാറ്.

കോഴിക്കോട് ബൈപാസ്സിലെത്തിയാൽ  പിന്നെ വണ്ടിയോടിക്കാൻ നല്ല സുഖമാണ്. ദൂരം കുറച്ചധികം  ഉണ്ടെങ്കിലും അധികം വളവുതിരിവുകളൊന്നും ഇല്ലാത്തതുകൊണ്ട് പാട്ടും കേട്ട് വണ്ടിയോടിക്കാൻ ഒരു രസമാണ്.

രാമനാട്ടുകരയിലെ പുതിയ ഫ്‌ളൈഓവറും കഴിഞ്ഞ് കുറച്ചു ദൂരം പോയിക്കാണും. അനാവശ്യമായി പിന്നിൽ നിന്ന് തുടരെത്തുടരെയുള്ള ഹോണടിശബ്ദം കേട്ടതുകൊണ്ടാണ് പുറകിലുള്ള വണ്ടിയെ ശ്രദ്ധിച്ചത് . ഒരു മാരുതി എസ് ക്രോസ്സ്.

ചിലർക്ക് വണ്ടിയും കൊണ്ട് റോഡിൽ ഇറങ്ങിയാൽ പിന്നെ താൻ തന്നെ ആണ് രാജാവ് എന്ന ഭാവമാണ്. തനിക്കും വണ്ടിയുണ്ടെന്ന അഹങ്കാരവും ട്രാഫിക്കിന്റെ സാമാന്യമര്യാദകൾ പോലും പാലിക്കാത്ത ഓട്ടവും. പ്രത്യേകിച്ചും രാത്രിയിൽ. എതിരെനിന്ന് വാഹനങ്ങൾ വന്നാൽ ഹെഡ് ലൈറ്റ് ഡിപ് ചെയ്യാത്തതാണ് ഏറ്റവും കൂടുതൽ ദേഷ്യപ്പെടുത്തുക. അങ്ങനെ ഒരു സൗകര്യം വണ്ടിയിൽ ഉണ്ടെന്ന് അറിയാത്തതുപോലെ ആണ് ചിലരുടെ  പോക്ക്. എത്ര സിഗ്നൽ കാണിച്ചാലും ഡിപ് ചെയ്യില്ല. മാത്രമല്ല ചിലപ്പോൾ ഹൈബീമിൽ ഇടുകയും ചെയ്യും.

കൂടെ ഫാമിലിയും ഉള്ളത്കൊണ്ടാണ് അധികം വേഗത കുറച്ചില്ലെങ്കിലും അല്പം ഒന്ന് ഒതുക്കികൊടുത്തത്. കുട്ടികൾ പുറകിൽ ഉറങ്ങുകയും ചെയ്യുന്നുണ്ട്.

“ആർക്ക് വായുഗുളിക വാങ്ങാനാണാവോ ഇവന്റെയൊക്കെ പോക്ക് ” എന്ന് പ്രാകുകയും ചെയ്തു. വണ്ടി കടന്നുപോയപ്പോൾ നമ്പർ ഒന്ന് നോക്കി. KL 07 XX 1234. എറണാകുളം റെജിസ്ട്രേഷൻ, ഫാൻസി നമ്പർ ആണ്. അന്യസംസ്ഥാന നമ്പർപ്ലേറ്റ് കണ്ടത്കൊണ്ട് കൂടിയാവണം. അവന് കൃമികടി കുറച്ച് കൂടുതൽ. എന്റെ നാട്ടിൽ വന്ന് എന്നോട് കളിക്കുന്നോടാ എന്ന ഒരു ഭാവം.

“അകത്തിരിക്കുന്ന ഞാനും മലയാളിയാണെടാ മണ്ഡോദരാ” എന്ന് മനസ്സിൽ ചീത്ത വിളിച്ചുകൊണ്ട് ഞാനും വണ്ടിക്ക് അല്പം വേഗത കൂട്ടി. അങ്ങനെ വിട്ടു കൊടുത്താൽ പറ്റില്ലല്ലോ.

അധികമൊന്നും ഓടിക്കേണ്ടിവന്നില്ല. മുന്നിൽ കുറച്ചു മെല്ലെ ഓടിക്കൊണ്ടിരുന്ന ഒരു വലിയ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു അവൻ. ട്രക്ക് മാറാതെ കുറച്ചൊക്കെ റോഡിനു നടുവിലായിരുന്നതുകൊണ്ടും മറുവശത്തുനിന്ന് വിട്ട് വിട്ട് ബൈക്കുകൾ വന്നിരുന്നത്കൊണ്ടും കുറച്ചു നേരത്തേക്ക് അവൻ കുടുങ്ങി.

ഇടത് വശത്തു കൂടി ഓവർടേക്ക് ചെയ്യാൻ പാടില്ലാത്തതാണ്. എന്നാലും അവനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ലെയ്ൻ വരച്ചിരുന്നെങ്കിലും ഇടതുവശത്തു കടന്നുപോകാൻ ഇടമുണ്ട്. കിട്ടിയ അവസരം മുതലാക്കി ട്രക്കിനെ ഓവർടേക്ക് ചെയ്തു. അവൻ ട്രക്കിനു പിന്നിൽ കുടുങ്ങുകയും ചെയ്തു.

അവനും എന്തായാലും വാശി കൂട്ടിയിട്ടുണ്ടാവണം. പ്രതീക്ഷിച്ചതു പോലെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശരം വിട്ടതുപോലെ അവൻ പിന്നാലെയെത്തി.

കൂടെയുള്ള ഭാര്യയും കുട്ടികളും സുരക്ഷിതരായിരിക്കണം. എന്നാലും അങ്ങനങ്ങ് പോകാൻ പറ്റുമോ? വലതു വശത്ത് ഇടം കൊടുക്കാതെ കുറെ ദൂരം ഓടിച്ചു. കുറച്ചു നേരത്തെ വിഫലശ്രമത്തിനുശേഷം ഒരു വളവ് തിരിയാൻ അല്പം വേഗത കുറച്ചപ്പോൾ കിട്ടിയ തക്കം നോക്കി ഇടതുവശത്ത് റോഡിന് വെളിയിൽക്കൂടെ അവൻ ഓവർ ടേക്ക് ചെയ്തു. “കളി എന്നോടാണോ” എന്ന മട്ടിൽ.

ഇതെന്തായാലും ഒരു മത്സരമല്ല. മാത്രമല്ല വല്ലവന്റേയും കൃമികടിയോട് അനാവശ്യമായി മത്സരിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒരു നിമിഷം ശ്രദ്ധ തെറ്റിയാലോ കണക്കുകൂട്ടലുകൾ പിഴച്ചാലോ മതി, എന്തൊക്കെ അപകടങ്ങളാണ് ഉണ്ടാകുന്നതെന്ന് പറയാൻ പറ്റില്ല. വെറുതെയെന്തിനാ വഴിയേ പോകുന്ന വയ്യാവേലി വലിച്ചു തലയിൽ കയറ്റുന്നത്. ഭാര്യയ്ക്ക് ഇതൊക്കെ പേടിയാണെങ്കിലും വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ഒന്നും പറയാൻ നിൽക്കാറില്ല. ചിലപ്പോൾ പതുക്കെ പോയാമതി എന്ന് പറയും. എന്നിരുന്നാലും സാഹചര്യം വഷളാക്കണ്ട എന്ന് കരുതി അവനെ വിട്ട് ശ്രദ്ധ കാറിൽ പാടിക്കൊണ്ടിരുന്ന പാട്ടിലേക്കും സംസാരത്തിലേക്കും തിരിച്ചു.

ഈ കസർത്തൊക്കെ  കഴിഞ്ഞപ്പോഴേക്കും വടകര അടക്കാത്തെരു ജംഗ്ഷനിൽ എത്തിയിരുന്നു. സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു. ഇനിയും മുന്നോട്ട് പോയാൽ അടുത്തൊന്നും റോഡരികിൽ നല്ല ഹോട്ടലുകളില്ല. തലശ്ശേരിയെത്തുമ്പോഴേക്കും നേരം ഒരുപാട് വൈകും. കുട്ടികൾക്ക് നല്ലോണം വിശക്കുകയുക ചെയ്യും. അതുകൊണ്ട് ഇടതുവശത്ത് കണ്ട സാമാന്യം നല്ലതെന്ന് തോന്നിയ ഹോട്ടലിലേക്ക് വണ്ടി തിരിച്ചു.

ദൂരയാത്രകളിൽ ഹോട്ടലിൽ കയറിയാൽ ആദ്യം തിരയുന്നത് ബാത്റൂമാണ്. നാട്ടിൽ എത്ര വലിയ ഹോട്ടലായാലും വൃത്തിയുള്ള ബാത്റൂം ഉണ്ടാവുക വിരളമാണ്. അത് ആദ്യം ഉറപ്പുവരുത്തിയിട്ടേ തിന്നാൻ കയറാറുള്ളൂ.

അതുവരെ വണ്ടിയുടെ പുറകിൽ കിടന്നുറങ്ങിയിരുന്ന കുട്ടികളെയും ഫ്രഷ് ആക്കി ഭക്ഷണവും കഴിഞ്ഞിറങ്ങുമ്പോഴേക്കും ഒരു മണിക്കൂറിലേറെ ആയിരുന്നു. പിന്നെയുള്ള യാത്രയ്ക് അല്പം വേഗത കുറഞ്ഞു. മാരുതി എസ് ക്രോസ്സിനെ മറക്കുകയും ചെയ്തു.

വീട്ടിലെത്തിയപ്പോഴേക്കും മണി അഞ്ച് കഴിഞ്ഞിരുന്നു. രാവിലെ എട്ട് മണിക്ക് ഓടിക്കാൻ തുടങ്ങിയതാണ്. മിക്കപ്പോഴും രാവിലെ നാലരയ്ക്കുള്ളിൽ പുറപ്പെടാറുള്ളതാണ്. അതായാൽ ആറേഴ് മണി ആകുമ്പോഴേക്കും നല്ലൊരു ദൂരം ഓടിയെത്തും. ഇടയ്ക് ബ്രേക് ഫാസ്റ്റിന് നിർത്തിയാലും പതിനൊന്ന് മണി കഴിയുമ്പോഴേക്കും വീട്ടിലെത്താം. ഇതിപ്പോ രണ്ട് മണിക്കൂർ കുടുതലെടുത്തു. ഉച്ചയ്ക്കത്തെ വെയിലിന്റെ അസ്വസ്ഥത വേറെയും.

പിറ്റേന്ന് വൈകുന്നേരം ചായ കുടിക്കുമ്പോഴാണ് അന്നത്തെ മലയാളം പേപ്പർ മറിച്ചുനോക്കിയത്. വളരെക്കാലം ദി ഹിന്ദു വായിച്ചു ശീലിച്ചതുകാരണം മലയാളം പേപ്പർ വായിക്കാൻ തോന്നാറില്ല. ഗുണനിലവാരമില്ലാത്ത പ്രിന്റ്, ക്വൊട്ട തികയ്ക്കാനുള്ള വാർത്തകളും ആവശ്യത്തിലേറെ പരസ്യവും.

വാർത്തകളുടെ തലക്കെട്ടുകളിലൂടെ വെറുതെ കണ്ണോടി-ക്കുന്നതിനിടയിൽ അകത്ത് പ്രാദേശിക വാർത്തകളുടെ ഇടയിലാണ് ആ വാർത്ത കണ്ണിൽ പെട്ടത്. “നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു.ഡ്രൈവർ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു.”

പൊതുവെ ഇത്തരം വാർത്തകൾ വായിക്കുക പതിവില്ലാത്തതാണ്. പിന്നെ മനസ്സമാധാനത്തോടെ വണ്ടിയോടിക്കാൻ പറ്റില്ല.

“കോഴിക്കോട് അത്തോളി റൂട്ടിൽ നിയന്ത്രണം വിട്ട കാർ കോരപ്പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക് എറണാകുളത്തുനിന്നും അത്തോളിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അമിതവേഗത്തിൽ മുന്നിലുണ്ടായിരുന്ന കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ എതിരെ വന്ന ട്രക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്ന ഡ്രൈവർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. കൈവരി തകർന്ന് പുഴയിലിലേക്ക് വീണ കാർ ഡ്രൈവറെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരും അടുത്തുണ്ടായിരുന്ന നാട്ടുകാരും കൂടിയാണ് രക്ഷപ്പെടുത്തിയത്.  വേനല്ക്കാലമായതിനാൽ പുഴയിൽ വെള്ളം കുറവായിരുന്നു. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാൻ സാധിച്ചത്.”

വാർത്തയുടെ കൂടെ പകുതി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാറിന്റെ ചിത്രവുമുണ്ടായിരുന്നു. ആരോ എസ് എൽ ആർ ക്യാമറയിൽ പകർത്തിയ പകുതിമുക്കാലും തകർന്ന ആ കാറിന്റെ ചിത്രത്തിൽ അതിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായും കാണാമായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.